08:59pm 14 September 2026
NEWS
വിനയം മാത്രമാണ് ദൗർബല്യം
29/03/2026  06:48 AM IST
ഡോ. ബി. അശോക്
വിനയം മാത്രമാണ് ദൗർബല്യം
HIGHLIGHTS


സമകാലീന രാഷ്ട്രീയപ്രവർത്തനവും മലയാളഭാഷയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ഉദാഹരണത്തിന് ചിലർ ആവർത്തിച്ചുപയോഗിക്കുന്ന 'ചെറ്റത്തരം/ചെറ്റത്തം?'.

മനുഷ്യന്റെ സ്വാഭാവികമായ പരസ്പരസ്പർദ്ധ, അതിന്റെ പരമകാഷ്ഠകളായ യുദ്ധങ്ങൾ എന്നിവയൊക്കെ ഭാഷകളെ സൗന്ദര്യവത്താക്കിയില്ലെങ്കിലും ഏറെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ആത്മാന്വേഷണങ്ങളെക്കാൾ മനുഷ്യർക്ക് പരസ്പരം സഹകരിച്ചും സ്വാധീനിച്ചും പ്രവർത്തിക്കാനുള്ള ഒരു ശക്തമായ ഉപാധിയാണ് ഭാഷ. ഉപകരണമെന്ന നിലയിലുള്ളത് സൗന്ദര്യാത്മകവും ആത്മീയവുമാവുമ്പോൾ അത് സാഹിത്യമാവുന്നു, മുതൽക്കൂട്ടാവുന്നു, മനുഷ്യനെ അത് സ്ഫുടീകരിക്കുന്നു.

സമകാലീന രാഷ്ട്രീയപ്രവർത്തനവും മലയാളഭാഷയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണ്. ഉദാഹരണത്തിന് ചിലർ ആവർത്തിച്ചുപയോഗിക്കുന്ന 'ചെറ്റത്തരം/ചെറ്റത്തം?'. പലരും ഇത് സോഷ്യലിസ്റ്റുകൾ (സാമൂഹ്യവാദികൾ) ഉപയോഗിക്കാനരുതാത്തതാണ്, ചെറ്റപ്പുരയിലെ താമസക്കാരന്റെ നിലവാരമില്ലാത്ത പ്രകൃതമാണ് പദം വിവക്ഷിക്കുന്നത് എന്നെല്ലാം വിമർശിച്ചുകണ്ടു. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി എടുത്തുനോക്കി.
ഈ പദം ദരിദ്രരുടെ ചെയ്തികളിൽ നിന്നും ചരിത്രപരമായി ഉദിച്ചതാവാമെങ്കിലും പദാർത്ഥം അതല്ല. 'ഹീനത', 'ആഭാസത്തരം' എന്നെല്ലാമാണ് ആ പദത്തിന് അർത്ഥം. അപ്പോൾ രാഷ്ട്രീയ പ്രതിയോഗി ചെയ്തത് ഒരു കടുത്ത വഞ്ചനയാണെങ്കിൽ ചെറ്റത്തം, ചെറ്റത്തരം എന്ന് സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും എന്തിന് ദരിദ്രർക്കും പോലും അവർക്കുനേരെ പ്രയോഗിക്കാം. കമ്മ്യൂണിസ്റ്റുകാർക്കെതിരേയും ധൈര്യമായി പ്രയോഗിക്കാം. 'മുതലാളിച്ചെറ്റ' എന്നുവിളിച്ചാലും അർത്ഥത്തിൽ ആശയക്കുഴപ്പമില്ല. ചെറ്റയിൽ നിർബന്ധമായും താമസിക്കേണ്ടതില്ല; ഒരു മുതലാളി 'ചെറ്റ'യാകാൻ എന്നർത്ഥം. 

ബംഗ്ലാവിൽ താമസമാണെങ്കിലും ആളു ചെറ്റയാവാം. മുതലാളി ആളു ചെറ്റയാണ് എന്നുപറഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാത്തവനാണ് എന്ന് എൺപതുകളിലെ മലയാളസിനിമയിലെ പ്രകടമായ സ്വഭാവദൂഷ്യക്കാരായ കൊച്ചുമുതലാളിമാരെ കണ്ടുശീലമുള്ള തൊഴിലാളി സ്ത്രീകൾക്ക് എളുപ്പം മനസ്സിലാകും. ആളിന്റെ കയ്യിലിരിപ്പാണ് പദം സൂചിപ്പിക്കുന്നത്. ജനിച്ചത് ചെറ്റക്കുടിലിലാണോ അല്ലയോ എന്നല്ല മാനദണ്ഡം. ചെറ്റത്തം സാമ്പത്തിക ദൈന്യതയല്ല; സാംസ്‌ക്കാരിക ഔന്നത്യമില്ലായ്മയെയാണ് ദ്യോതിപ്പിക്കുന്നത്. അപ്പോൾ രാഷ്ട്രീയ പ്രതിയോഗിയെ ധൈര്യമായി കമ്മ്യൂണിസ്റ്റ് തത്വം ഒന്നും തന്നെ ലംഘിക്കാതെ 'ചെറ്റ' എന്ന് ധൈര്യമായി തുടർന്നും വിളിക്കാം. ഇന്നലെവരെ 'സാർ' എന്നു വിളിച്ചിരുന്നയാളെയും ഇന്ന് ധൈര്യമായി 'ചെറ്റ' ചേർത്തുവിളിക്കാം. ഒരു കുഴപ്പവുമില്ല. ആ പദത്തിന് ഹീനത കാട്ടുന്നവൻ, ആഭാസൻ എന്നേ അർത്ഥമുള്ളൂ. വിളിക്കപ്പെടുന്നത് സാഹിത്യം കൈകാര്യം ചെയ്യുന്നവരോ കവികളോ ആണെങ്കിൽ അവർ ഉചിത ലളിത കോമള കാന്തികളായ പദ-ബദലുകൾ കണ്ടെത്തുകയും ചെയ്യും. കാത്തിരിപ്പിൻ.

പിന്നെ കേട്ടത് 'പരനാറി' എന്ന സുഗന്ധവാഹിയായ ആക്രോശമാണ്; പദം സാധാരണ പറയപ്പെടുന്നതാകിലും അതും ശബ്ദതാരാവലിയില്ലേ. 'പരദ്വേഷിയും' 'പരധർമ്മവും' 'പരദൈവവും' ഉണ്ടെങ്കിലും 'പരനാറി ' കാണുന്നില്ല. പരനെ ദുർഗന്ധപ്പെടുത്തുന്നവൻ എന്നായിരിക്കണം പറഞ്ഞവർ ഉദ്ദേശിച്ചത്. നമുക്ക് പ്രതിപക്ഷ നേതാവ് സ്വന്തം ദുർഗന്ധത്തിൽ ആറാടുകയാണ് എന്നൊക്കെ പറഞ്ഞ ഒരു ചരിത്രമുണ്ട്, അതും പബ്ലിക് സ്‌പേസിൽ. മനുഷ്യർക്ക് ജന്തുക്കൾക്കെന്നപോലെ സ്വാഭാവിക ഗന്ധവും ദുർഗന്ധവുമുണ്ട്. അന്യഥാ ഗുണസമ്പന്നനായ വ്യക്തിയുടെ ദുർഗന്ധം മണത്തെത്താനും ഒരു പ്രത്യേക 'മൂക്ക്' വേണം.

അപ്പോൾ ദുർഗന്ധവാഹിയായ അപരൻ എന്നാകണം വിവക്ഷ. പരിസരം നാറ്റിക്കുന്നവൻ എന്നുമാകാം. പക്ഷേ 'പര'പ്രയോഗം 'ചെറ്റ'യിലും വളരെ സൂക്ഷിച്ചു വേണ്ടതാണ്. പരദൈവം കുടുംബദൈവമാണ്. പരൻ എന്നാൽതന്നെ അന്യൻ, ശത്രു, ശ്രേഷ്ഠൻ എന്നൊക്കെ വ്യത്യസ്തവും വിപരീതവുമായ അർത്ഥങ്ങളുണ്ട്. നിലവിൽ മറുപക്ഷത്താകെക്കൊണ്ട് ശത്രുതയുള്ളവരെ ധൈര്യമായി 'പരനാറി' എന്നുവിളിക്കാം. കാരണം നാളെ ടിയാൻ അവിടെ ടിക്കറ്റ് കിട്ടാതെ ഉകാരമായി തിരുമ്പി വന്നാൽ പണ്ട് ശ്രേഷ്ഠനെന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്, നാറ്റം പിന്നെ മനുഷ്യർക്കെല്ലാം ഉള്ളതാണല്ലോ എന്നും പറഞ്ഞ് ഷാളും ബൊക്കെയുമണിയിച്ച് പിടിച്ചു നമുക്കയാളെ ചേർത്തുനിറുത്താം. കുടുംബനാറി എന്നാണ് ഉദ്ദേശിച്ചത് എന്നും പറഞ്ഞു തടിതപ്പാം. നാറികൾ എല്ലാകുടുംബത്തിലുമുണ്ടാകുമല്ലോ. സഹിക്കാതെ മറ്റുതരമില്ല. മുടിയനായ പുത്രന്റെ തിരിച്ചുവരവ് ഇടയ്ക്ക് പരനാറി എന്നുവിളിച്ചുപോയെങ്കിലും ആഘോഷിക്കാം.

ഇനി നമ്മുടെ കാലത്ത് പുരോഹിതന്മാരെ ആരോ അഭിസംബോധന ചെയ്ത 'നികൃഷ്ടജീവി' എടുക്കൂ. പലരും കരുതുന്നപോലെ ഇഴജന്തു എന്ന അർത്ഥമൊന്നും പാവം നികൃഷ്ടജീവിക്കില്ല. മോശപ്പെട്ട, തരംതാണ, ഹീനമായ എന്നൊക്കെയേ ആ പദം കൊണ്ട് അർത്ഥമാക്കുന്നുള്ളൂ. പറയുന്നയാൾ സന്ന്യസ്തനോ പ്രവാചകനോ ഒക്കെയാണെങ്കിൽ അഥവാ സ്വന്തം കൂട്ടത്തിലോ പ്രസ്ഥാനത്തിലോ ഒരു വക ദൈവമോ ഒക്കെയാണെങ്കിൽ പലപ്പോഴും സത്യസന്ധരല്ലാതെ സമൂഹം കണ്ടിട്ടുള്ള പുരോഹിതവർഗ്ഗത്തിലെ ഒരാളെ നികൃഷ്ടൻ എന്ന് എന്തുകൊണ്ട് വർണ്ണിച്ചുകൂടാ? അങ്ങനെ 'മോസ്റ്റ് റവർഡ് നികൃഷ്ടൻ തിരുമേനി' മലയാള ഭാഷയ്ക്ക് ഒരവിസ്മരണീയ സംഭാവനയായി മാറി. ഒരു വക ക്ലാസിക്കായി മാറി അത്. ആരാദ്ധ്യനായ നികൃഷ്ടാ എന്ന മട്ടിൽ അതങ്ങനെ ഒരു ഭാഗത്ത് നിൽക്കട്ടെ.

ഇനി 'കുലംകുത്തി.' ഇതും കോലത്തുനാട് അത്രയും ഔന്നത്യക്കുറവുള്ള തിരുക്കൊച്ചി ഔദ്യോഗിക ഭാഷക്കാർക്ക് ഉള്ളറിഞ്ഞു നൽകിയ പദസംഭാവനയാണ്. 'കുലവും' 'കുലമഹിമയും' 'കുലസ്ത്രീയും' ഒക്കെ ശബ്ദതാരാവലിയിലുണ്ടെങ്കിലും കുലംകുത്തി തീരെ കാണുന്നില്ല. നാട്ടുഭാഷാ നിഘണ്ടുവിൽ ഇനി ഉണ്ടോ എന്തോ. വഞ്ചകൻ, വിശ്വാസഘാതകൻ, കുടുംബനാശകൻ എന്നൊക്കെയാണ് വിവക്ഷ എന്ന് സന്ദർഭത്തിൽ നിന്ന് ഊഹിക്കാം. കുടുംബത്തെ ചതിക്കുന്നവൻ എന്നും മഹാചതിയൻ തന്നെ. അവന്റെ ശിക്ഷ ഭാരതീയ ശിക്ഷാനിയമം എന്തുതന്നെ പറഞ്ഞാലും കുടുംബകോടതിയിൽ ഉഗ്രമരണമാണ്. മറ്റാരും ഉദ്യമിക്കാത്ത രീതിയിൽ ബീഭത്സമായ മരണശിക്ഷയ്ക്കുള്ള മുന്നോടിയാണ് 'കുലംകുത്തി' എന്ന വിചാരണയില്ലാതെ ശിക്ഷാവിധി. രാഷ്ട്രീയ നിഘണ്ടുവിൽ 'കുലംകുത്തി' അതുകൊണ്ട് തുടരുന്നതിൽ തെറ്റില്ല. കുലം അഭംഗുരം ശ്രേഷ്ഠമായി തുടരണമെങ്കിൽ കുലംകുത്തിയും തുടരണം.

ശത്രുവിനെ മണ്ണോട് ചേർക്കുന്നതിന്റെ മുന്നോടിയായുള്ള ഒരു 'ബ്ലാക്ക്-വാറന്റാണ്' ഈ കുലംകുത്തി പ്രയോഗം. 'വർഗ്ഗവഞ്ചകന്റെ' ഈ പ്രാദേശിക ഗ്രാമ്യമായി കുലംകുത്തി താരാവലിയിലേയ്ക്ക് പ്രസാധകർ ഇനിയെങ്കിലും സ്വീകരിക്കണം. കാരണം ഇപ്പോഴത്തെ സീസൺ വച്ചുനോക്കിയാൽ കുലംകുത്തികൾ സംഘടിച്ച് സ്വന്തമായി ഒരു കുലം തന്നെ സൃഷ്ടിക്കാനുള്ള പുറപ്പാടാണ്. അത്രയ്ക്കാളുണ്ട്. കുലത്തെക്കാൾ കൂടുതൽ കുലംകുത്തി വന്നാൽ പിന്നെ കുലം കാലം ചെയ്യും എന്നതാണനുഭവം. 'നഞ്ചെന്തിന് നാന്നാഴി' എന്ന മട്ട്. കുലത്തിനകത്തെ കുത്ത് സഹിക്കാഞ്ഞാണ് കുലത്തെപ്പറ്റി പറഞ്ഞതെന്നവർ പറയുമായിരിക്കും. അവരും കുത്തുക; നമ്മളും കുത്തുക. കുലമാണ് പ്രധാനം. കുലംകുത്തീഹരണം അതിനാൽ പരമപ്രധാനം. പിപ്പിടി കാട്ടുക, ഒക്കെച്ചങ്ങായി എന്നങ്ങനെ കോലത്തുനാട്ടിലെ നാട്ടുഭാഷ ഭരണഭാഷയായി മാറിയ കാലം കൂടിയാണ് നമ്മുടേത്.

ഇടയ്ക്കിടെ മറ്റുചിലർ 'അതു കയ്യിൽ വച്ചാൽ മതി' പ്രതിപക്ഷത്തെ അഥവാ നിവേദകനെ പുച്ഛിച്ചു നിരസിക്കുമ്പോഴാണ് മറ്റൊരു വിസ്മയം. കേൾക്കണമെങ്കിൽ ഏതെങ്കിലും അധികാരസ്ഥന്റെ രാജി ചോദിച്ചുനോക്കിയാൽ മതി. അൽപ്പം ഗൂഢാശ്ലീല പ്രയോഗമാണത്. സായ്വ് എന്നോടുവേണ്ട; നീ സ്വയം ചെയ്‌തോണ്ടാ മതി' എന്നർത്ഥം വരത്ത രീതിയിൽ ചിലത് പ്രയോഗിക്കാറുണ്ട്. കയ്യിൽ വയ്ക്കുക കേൾക്കുന്നതുപോലെ അത്രകണ്ട് നിഷ്‌ക്കളങ്കമല്ല എന്നർത്ഥം. എന്നാലും സഭയിലടക്കം 'കയ്യിൽ വയ്പ്പ് എങ്ങനെയോ രേഖയിൽ പെട്ടുപോകുന്നുണ്ട് എന്നുതോന്നുന്നു. അത്ര പാർലമെന്ററിയല്ല ഈ പ്രയോഗം.

എന്തൊക്കെപ്പറഞ്ഞാലും രാഷ്ട്രീയ പ്രവർത്തനത്താലുള്ള പദാവലിയുടെ നവീകരണം ഏതൊരു ദേശത്തിനും അഭിമാനാർഹമായ ഒരു നേട്ടമാണ്. സാംസ്‌ക്കാരികമായ ഔന്നത്യം പ്രാപിക്കലാണ് ഒരു ഭരണകാലയളവിൽ കൈവരിക്കാൻ പ്രയാസമുള്ള ദൗത്യം. പാലവും റോഡും ആസ്പത്രിയുമൊക്കെ എല്ലാ ഭരണാധിപന്മാരും കുറേയേറെ സൃഷ്ടിക്കും. 'സംവിധാനം' നിർമ്മിതികളാൽ നയിക്കപ്പെടുന്നു. റെഡ്‌ഫോർട്ടും സെൻട്രൽ വിസ്തയും ലൂട്ടയൻസും ഒക്കെ കൂടുതൽ ഓർമ്മയിൽപ്പെടാമെങ്കിലും ഒരു പ്രത്യേക കാലത്തെ സാംസ്‌ക്കാരികവും ഭാഷാപരവും സാഹിത്യപരവുമായ ഔന്നത്യം അപൂർവ്വമായ ഒരു നേട്ടം തന്നെ. അതുകൊണ്ട് ശങ്കയേതും കൂടാതെ ഭാഷാപരമായ ഈ അന്വേഷണം തുടർന്നും ശക്തമായി തുടരണം. കക്ഷിഭേദമെന്യേ ഒരു ലിംഗ്വിസ്റ്റിക് റിസർച്ച് കൺസൾറ്റൻസിയെ വച്ച് എതൃകക്ഷിയെ 'തൂക്കി' 'എടുത്തുടുത്ത്' 'പോസ്റ്ററൊട്ടിക്കുന്ന' ലളിത കോമള കാന്ത പദാവലികൾ ഇനിയും വരട്ടെ. ഇതിന്റെ നൈതികതയെക്കുറിച്ചെന്നും ഓർത്തു ധാർമ്മികർ വ്യാകുലപ്പെടേണ്ട. ധർമ്മയുദ്ധഘട്ടമൊക്കെ നമ്മളെന്നേ കഴിഞ്ഞു.

വരട്ടെ. പരനാറിക്കും ചെറ്റയ്ക്കും നികൃഷ്ടജീവിക്കും പിപ്പിടിക്കും കയ്യിൽവപ്പിനും ഒക്കെ അപ്പുറം പോകുന്ന ഉഗ്രൻ കൂട്ടിച്ചേർക്കലുകൾ നമ്മുടെ നിഘണ്ടുവിന്റെ വലുപ്പം കൂട്ടുന്നതും ഒരു വക വികസനമാകയാൽ അതിനുമാകാം ഒരു മുഴുപ്പേജ് പരസ്യം. ഭരണകാലത്ത് നോം കൂട്ടിച്ചേർത്ത മുൻപ് നിഘണ്ടുവിലില്ലാതിരുന്നത് പുത്തൻ പദനിർമ്മാണത്തിന് ഞാനില്ലെങ്കിൽ മറ്റാര് എന്ന ചോദ്യത്തിന് മുന്നിൽ സാദാ നികൃഷ്ട മലയാളികൾ ഗ്ലാനീഭവിച്ചു തലകുനിയ്ക്കട്ടെ. വോട്ടുയന്ത്രത്തിന്മേൽ നമ്മുടെ വിരൽ പതിയുമ്പോൾ ഭാഷാപരമായ അവന്റെ 'ചെറ്റ'ത്തലയിൽ അൽപ്പം വെളിച്ചമാകട്ടെ. അവൻ തെരഞ്ഞെടുത്ത് തെരഞ്ഞെടുത്ത് അങ്ങനെ പ്രബുദ്ധനാകട്ടെ!

പി.എസ്:-
എഴുതിക്കഴിഞ്ഞപ്പോൾ വീണ്ടും വിനയഭാഷണം തെരഞ്ഞെടുപ്പുവേദിയിൽ നിന്നും ശ്രവിച്ചു. പ്രസംഗമദ്ധ്യേ മറ്റുചോദ്യം പാടില്ല. മറ്റുചോദ്യത്തിനാണ് പത്രസമ്മേളനം. എല്ലാ ചോദ്യത്തിനും പക്ഷേ ഉത്തരം ഉണ്ടാവില്ല. ഉത്തരം അറിയുന്നതിനും ഉചിതമായതിനും ഉത്തരം പറയും. അല്ലെങ്കിൽ 'വീട്ടിൽ പോയി' ചോദിച്ചോണം. അതിലും തെറ്റൊന്നുമില്ല. ചോദ്യം ചോദിക്കാം എന്ന അറിയിപ്പു വരുന്നതിന് മുൻപ് നമുക്ക് കയറിച്ചോദിക്കാൻ പാടുണ്ടോ? മര്യാദ അല്ലത്.

പിന്നെ 'വീട്ടിൽ പോയി' ചോദിക്കണം എന്നുപറയുന്നതും 'കയ്യിൽ വയ്പ്പ്' പോലെ ദുസ്സൂചനയുള്ളതല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്വസ്ഥമാവുമ്പോൾ വീട്ടിൽ വരൂ; സമയമെടുത്ത് മറുപടി തരാം എന്നുമാകാം. ചോദിച്ചയാളോടല്ല വീട്ടിൽ പോകാനുള്ള ആഹ്വാനം. തിരക്കൊഴിയട്ടെ എന്നുമാകാമല്ലോ. അങ്ങനെ നോക്കിയാൽ ഒരു ചായയൊക്കെ തന്ന് വിശദമായി താങ്കളെ ബോധ്യപ്പെടുത്താം എന്നും ആയിക്കൂടെ?
ആരോ പറഞ്ഞതുപോലെ ആകപ്പാടെ നമ്മുടെ ഒരു കുറ്റം നമ്മുടെ അമിതവിനയമാണ്. വിനയം മാത്രമാണ് നമ്മുടെ ദൗർബല്യം. ഈ വിനയത്തിന് ഒരു നിയന്ത്രണം വേണം. അതിനുള്ള മരുന്നാണ് അന്വേഷിക്കേണ്ടത്. അതുമാത്രമാണ് നമ്മുടെ പ്രശ്‌നം.
(അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img